ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്. ......................
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പണ്ട് കേരളദേശം ഭരിച്ചിരുന്ന അവസാനത്തെ ചേരമാന്‍ പെരുമാള്‍ വെന്നിമലയുടെ പ്രധാന്യം മനസിലാക്കിയിരുന്നു. വെന്നിമലയുടെ മറ്റൊരു നാമധേയമാണ് വിജയാദ്രി. ആ മലയില്‍ ഏഴു വലിയ സരസ്സുകളും എഴുപത്തിരണ്ട് അപ്സരസ്സുകളും വേനല്‍ വര്‍ഷ കാലഭേദമില്ലാതെ സ്ഫടികതുല്യമായ നിര്‍മ്മലജലത്താല്‍ നിറഞ്ഞുകിടക്കുന്നു. മേല്‍പറഞ്ഞ പുണ്യതീര്‍ത്ഥങ്ങളില്‍ പിതൃക്രിയകളും സ്നാനതര്‍പ്പണങ്ങളും ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഐതിഹ്യം മനസ്സിലാക്കിയ രാജാവ് അവിടെ താമസമുറപ്പിച്ചുകൊണ്ടു വെന്നിമല ക്ഷേത്രം പണികഴിപ്പിക്കുകയാണുണ്ടായത്. നാലമ്പലം, ബലിക്കല്‍പ്പുര, വാതില്‍മാടം മുതലായവയോടുകൂടി പണിത ക്ഷേത്രത്തിന്റെ വടക്കേ വഴിയമ്പലം കൂത്തമ്പലമായി ഉപയോഗിക്കുവാന്‍ തക്കവണ്ണം അതില്‍ അരങ്ങും അണിയറയും കൂടി നിര്‍മ്മിക്കുകയുണ്ടായി. ചേരമാന്‍ പെരുമാള്‍ ചാക്യാര്‍കൂത്തില്‍ വളരെ പ്രതിപത്തിയുള്ള ആളായിരുന്നതിനാല്‍ ക്ഷേത്രത്തില്‍ എന്നും ചാക്യാര്‍കൂത്ത് നടത്തണമെന്നു കല്പിച്ചു. ചാക്യാര്‍കൂത്ത് മുടങ്ങിയാല്‍ പ്രായച്ഛിത്തമായി കൂടിയാട്ടം നടത്തണമെന്നും കൂടാതെ ആണ്ടുതോറും അംഗുലിയാങ്കം കൂത്തുകൂടി നടത്തണമെന്നും ഉല്‍സവത്തിന് മുമ്പായി തീയാട്ട് വേണമെന്നും രാജാവ് നിശ്ചയിച്ചു. ഇവ ക്രമമായി നടത്തുന്നതിനു വേണ്ട വരുമാനം ലഭിക്കുന്നതിലേക്ക് ആവശ്യമായ വസ്തു വകകള്‍ ദേവസ്വം പേരില്‍ പതിച്ചു കൊടുക്കുകയും ചെയ്തു. ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിനാവശ്യമായ ആളുകളെ പുറമെനിന്നു വരുത്തി അവര്‍ക്കു താമസിക്കുന്നതിനു ഗൃഹങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. കുറച്ചുകാലം കൂടി ചേരമാന്‍ പെരുമാള്‍ അവിടെ താമസിക്കുകയും പിന്നീടു ബന്ധുകള്‍ക്കും ആശ്രിതന്മാര്‍ക്കും മറ്റുമായി കേരളദേശം വിട്ടുകൊടുക്കുകയും ചെയ്തതിനുശേഷം അവിടം വിടുകയും ചെയ്തു എന്നു പറയപ്പെടുന്നു. വെന്നിമലയും പരിസരപ്രദേശങ്ങളും പിന്നീട് തെക്കുംകൂറിന്റെ അധീനതയിലായി. പ്രസിദ്ധനായിരുന്ന രാമവര്‍മ്മന്റെ ഭരണകാലത്തു തെക്കുംകൂറിന്റെ തലസ്ഥാനമായിരുന്നു വെന്നിമല. ഇക്കാലത്ത് ഇവിടെ കോട്ട കൊത്തളങ്ങളും, തെരുവുകളും രൂപം കൊണ്ടു. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഉല്‍പത്തി പരിശോധിച്ചാല്‍ ‘പുള്ളി പള്ളി‘ യാണ് ക്രമേണ പുതുപ്പള്ളിയായിത്തീര്‍ന്നത് എന്നു കാണാം. സേനാവ്യൂഹം നില്‍ക്കുന്നയിടം എന്നയര്‍ത്ഥത്തിലാണു പുള്ളി പള്ളി എന്നു പറഞ്ഞുവന്നിരുന്നത്. പാടി എന്ന പദത്തിനു തെരുവ് എന്ന അര്‍ത്ഥം ഉണ്ട്. പയ്യപ്പാടി, തലപ്പാടി തുടങ്ങിയവ അക്കാലത്ത് രാജധാനിയോടു ചേര്‍ന്നു കിടന്നിരുന്ന പ്രധാന ജനപഥങ്ങളായിരുന്നിരിക്കണം. തെക്കുംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ പ്രദേശം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നതായി മനസിലാക്കാം. ഇന്നത്തെപ്പോലെ റോഡ് ഗതാഗതത്തിനു സാധ്യത കുറവായിരുന്ന അക്കാലത്തു ജലപാതകളായിരുന്നു മുഖ്യ സഞ്ചാരമാര്‍ഗ്ഗങ്ങള്‍. വ്യാപാരത്തിനും യാത്രയ്ക്കും യോഗ്യമായ ജലമാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നുവെന്നതു വാണിജ്യകേന്ദ്രങ്ങളുമായുള്ള ജനസമ്പര്‍ക്കത്തിനു വഴിതെളിച്ചു. കൊടൂരാറുമായി ബന്ധിച്ചുകൊണ്ട് ആലപ്പുഴ മുതല്‍ കൊച്ചിവരെയും വാണിജ്യ ബന്ധങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്ന പുതുപ്പള്ളിപ്പള്ളിക്കു സമീപമുള്ള അങ്ങാടി അക്കാലത്തെ ഒരു പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. കലാ സാംസ്കാരികരംഗത്തു പുതുപ്പള്ളിക്ക് ഉന്നതമായ ഒരു പാരമ്പര്യമാണുള്ളത്. കൂടിയാട്ടം, കൂത്ത്, കഴകം, തിയാട്ടം, മാര്‍ഗ്ഗംകളി, പരിചമുട്ടുകളി മുതലായവയ്ക്കു വലിയ പ്രചാരം കിട്ടിയിരുന്നു. സ്വാതി തിരുനാള്‍ രാജാവിനു പ്രിയങ്കരനായിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ വെന്നിമലക്കാരനായിരുന്നുവെന്നു ചില ചരിത്ര സൂചനകള്‍ കാട്ടുന്നു. അദ്ദേഹത്തിനു സ്വാതി തിരുനാള്‍ നല്‍കിയ ‘പൊന്നിടയ്ക്ക‘ ഏറെക്കാലം വെന്നിമലയില്‍ ഉണ്ടായിരുന്നു. അടുത്തകാലം വരെ ഇവിടെയുള്ള ചില ബ്രാഹ്മണ ഗൃഹങ്ങളില്‍ സംഘക്കളിയും മറ്റും നടന്നുവന്നിരുന്നു.

ഇരവിനല്ലൂരിലുള്ള കാളിമലയിലും അക്കാലത്തു വളരെ പ്രാധാന്യം ഉണ്ടായിരുന്ന ഒരു ക്ഷേത്രസങ്കേതം ആയിരുന്നു. പതിമൂന്നുക്ഷേത്രങ്ങളും ഇരുപത്തിരണ്ടു പള്ളികളും ഈ പഞ്ചായത്തിലുണ്ട്. കൂടാതെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സജീവ സാന്നിദ്ധ്യവും ഇതര സമുദായങ്ങളുമായി ബന്ധപ്പെട്ട ആരാധനക്രമങ്ങളും നിലനില്‍ക്കുന്നു. വേലന്‍ പാട്ട്, വില്ലടിച്ചാന്‍ പാട്ട്, പാണന്‍ പാട്ട് എന്നിവ ഇവിടെ അടുത്തകാലം വരെ നന്നായി പ്രചരിച്ചിരുന്നു. തിരുവാതിരകളി ഇന്നും പ്രചാരത്തിലുണ്ട്. നാടകത്തിനു വമ്പിച്ച പ്രചാരം ഉണ്ടായിരുന്ന പ്രദേശമാണു പുതുപ്പള്ളി. ഒരു കാലത്തു പുതുപ്പള്ളിയില്‍ സ്ഥിരം ‘നാടകവേദി‘ ഉണ്ടായിരുന്നു. സിനിമയിലും നാടകത്തിലും പ്രമുഖരായ പലരും പുതുപ്പള്ളിയെ ഈ കലയിലൂടെ ധന്യമാക്കിയിരുന്നു. പുതുപ്പള്ളിക്കു തനതായ ഒരു കായിക വിനോദമുണ്ട്. ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ചുകൊണ്ടു വിവിധ കരക്കാര്‍ പങ്കെടുക്കുന്ന നാടന്‍ പന്തുകളി മത്സരങ്ങള്‍ പുതുപ്പള്ളിയുടെ പ്രത്യേകതയായിരുന്നു. ഇതുകൂടാതെ ഗുസ്തിമല്‍സരവും ഇവിടുത്തെയൊരു കായിക വിനോദമായിരുന്നു. വളരെ അഭിമാനിക്കുന്ന പാരമ്പര്യം ഉള്ള ഒരു മേഖലയാണു വിദ്യാഭ്യാസരംഗം. വെന്നിമല പിഷാരടിമാരാണു തിരുവിതാംകൂര്‍ രാജാക്കന്മാരെ എഴുത്തിനിരുത്തിയിരുന്നത്. സഹകരണരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആളായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.മാണി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപനായിരുന്ന ദിവംഗതനായ പാറേട്ട് മാത്യുസ് മാര്‍ ഇവാനിയോസ് തിരുമേനിയും യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപനായിരുന്ന ദിവംഗതനായ ഡോ. ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും ഈ പഞ്ചായത്തില്‍പ്പെട്ടവരാണ്. ഒരു കാലത്ത് ദേവസ്വം അധീനതയിലായിരുന്ന പുതുപ്പള്ളിയിലെ ഭൂമി മുഴുവന്‍ വിവിധ കാലങ്ങളിലായി രാജാക്കന്മാരും സാമന്തന്മാരും പതിച്ചു കൊടുത്തതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിനു വരുന്ന ഭൂമിയുടെ ഉടമസ്ഥത ഏതാനും വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും മാറി. കര്‍ഷകത്തൊഴിലാളികളെ അടിമകളാക്കി കരുതിയിരുന്ന ആ കാലഘട്ടത്തില്‍ പറമ്പില്‍ കുഴികുത്തി പാളയോ ഇലയോ കുഴിയില്‍ വെച്ച് അവര്‍ക്ക് കഞ്ഞികൊടുത്തിരുന്നു. തമ്പ്രാ കിടാത്തന്‍ വിളിയും കൂലിയാന്‍ കള്ളപ്രയും ഇല്ലിമുളകൊണ്ടുള്ള നാഴിയും കണിയാന്‍പൊലിയും ഒക്കെ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. 1967-ല്‍ സമഗ്രമായ ഭൂപരിഷ്ക്കരണ ഭേദഗതി നിയമം കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഭൂവുടമ സമ്പ്രദായത്തിലും സമൂലമായ അഴിച്ചുപണിക്ക് നിദാനമായി. ഏതാണ്ട് രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കൈവശാവകാശവും കുടികിടപ്പവകാശവും പഞ്ചായത്തില്‍ ലഭിച്ചു. എന്തുകൊണ്ടും അഭിമാനിക്കത്തക്ക ഒരു സാംസ്കാരിക പാരമ്പര്യം ഉള്ളതാണ് ഈ പഞ്ചായത്ത്. പഞ്ചായത്ത് വിവിധ സാമുദായിക സംഘടനകളുടെ സംഗമഭൂമിയാണ്. ക്രിസ്ത്യന്‍ മതവിഭാഗങ്ങളും ഹിന്ദു മതവിഭാഗങ്ങളുമാണ് പഞ്ചായത്തില്‍ ഉള്ളത്. ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ടത് ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പുതുപ്പള്ളി വലിയപള്ളിയും, വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവും ആണ്. മേടപൂരം, ശിവരാത്രി, പത്താമുദയം തുടങ്ങിയവ പ്രധാന ഉത്സവങ്ങളും പെരുനാളുകളില്‍ പ്രധാനം പുതുപ്പള്ളി വലിയ പള്ളിയിലെ പെരുനാളുമാണ്. പഞ്ചായത്തില്‍ 22 ക്രിസ്ത്യന്‍ ദേവാലയങ്ങളും 13 ക്ഷേത്രങ്ങളും കൂടാതെ എസ്. എന്‍. ഡി. പി, എന്‍. എസ്. എസ്, വി. എസ്. എസ്. തുടങ്ങിയ സാമുദായിക സംഘടനകളും ഉണ്ട്. ഉത്സവങ്ങളിലും പെരുന്നാളുകളിലും പഞ്ചായത്തിലെ ജനങ്ങള്‍ സാമുദായിക ഭേദമെന്യേ പങ്കെടുക്കുന്നു. കാഞ്ഞിരത്തുംമൂട് വൈ. എം. സി. എ ലൈബ്രറി, തോട്ടയ്ക്കാട് പബ്ളിക് ലൈബ്രറി, പരിയാരം പബ്ളിക് ലൈബ്രറി, എറികാട് നാഷണല്‍ ലൈബ്രറി, ഇരവിനല്ലൂര്‍ പബ്ളിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങള്‍ നാടിന്റെ സാംസ്കാരിക രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.